2019, ഒക്‌ടോബർ 13, ഞായറാഴ്‌ച

വിദ്യാഭ്യാസം വെറും കച്ചവടം

പഠനം  എന്തിനാണ്? ഇപ്പോഴും ഞൻ തേടുന്ന ഉത്തരത്തിന്റെ ചോദ്യമാണ് ഇത്. അത്രത്തോളം എന്നെ അത് ഉറക്കം കെടുത്തുന്നു. എന്തിന്റെയൊക്കെ പിന്നാലെയാണ് മനുഷ്യൻ ഓടുന്നത്. ഓര്മവെച്ചത്‌ മുതൽ പഠനം. ഈ യുഗത്തിൽ പഠനം വളരെ മൂല്യമേറിയതാണ്. എന്നാൽ പരസ്പരം പോരടിക്കുന്ന തരത്തിൽ വിദ്യാഭ്യാസത്തെ വെറുമൊരു കച്ചവടമാക്കി മാറ്റിയിരിക്കുന്നു. ഒരു മനുഷ്യന്റെ  ഏറ്റവും മനോഹരമായ കാലഘട്ടം പത്തുമുതൽ ഇരുപത്  വയസ്സുവരെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ആ പ്രായം മുതൽ മത്സര പരീക്ഷയ്ക്കായി മോടിപിടിപ്പിക്കുന്ന ആയുധമായി ശരീരത്തെ ഉപയോഗിക്കുന്നു.അത്  മുന്നിൽ നിവരുന്ന ഉത്തര കടലാസിലേക്ക് ഛർദ്ദിക്കുന്നു. റാങ്കു വാങ്ങുന്നു. ജോലി വാങ്ങുന്നു, പണം സമ്പാദിക്കുന്നു, തന്റെ "സ്റ്റാറ്റസ്" നൊത്ത പെണ്ണിനെ കെട്ടുന്നു, കുട്ടികളെ ഉണ്ടാക്കുന്നു...വീണ്ടും ഈ ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. കലാലയം എന്നൊന്ന് ഇന്ന് നിലനിൽക്കുന്നില്ല എന്നതാണ് വാസ്തവം. തിരിഞ്ഞുനോക്കുമ്പോ ഇന്നോർക്കാൻ മഷിത്തണ്ട് നീലിച്ച കൈവിരലുകൾ ഇല്ല, ചളിപുരണ്ട കാലുകൾ ഇല്ല,ഉണ്ണിപ്പുര കെട്ടി കളിച്ച ഓര്മകളില്ല. എത്രത്തോളം ഒരുവന്റെ ബാല്യം നശിച്ചുപോകുന്നു. കലാലയങ്ങളിൽ പ്രൊഫഷണൽ ചർച്ചകളും,സെമിനാറുകളും കോൺഫെറെൻസുകളും ജേർണൽ പേപ്പറുകളും നിറഞ്ഞു തൂങ്ങുന്നു. ഓർക്കാൻ രസമുള്ള കൂട്ടുകാർ പോലും ഇല്ല. അതെങ്ങനെയാണ് മത്സരപരീക്ഷ മാത്രം ആലോച്ചിക്കുമ്പോൾ സഹജീവികൾ തമ്മിലും പോര് മാത്രം. ഈ വിദ്യാഭ്യാസ ഘടന തന്നെ പൊളിച്ചെഴുതപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരിക്കലും ഒരു പരീക്ഷയല്ല ഒരുവന്റെ കഴിവ് കാണിക്കുന്നത്. ഒരാളുടെ കഴിവ് തെളിയിക്കാൻ മറ്റൊരാളുടെ ബുദ്ദിയുപയോഗിച്ചുണ്ടാക്കിയ ചോദ്യങ്ങൾ പ്രവർത്തികമാകില്ല. ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു പഠിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അതിൽ മികച്ചതാവാൻ  ആരും പഴുപ്പിച്ചെടുക്കേണ്ടതില്ല. പകരം പാകത്തിനോക്ക പഴുത്തോളും ആ കായ്.
എന്നെങ്കിലും വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനുള്ള അതിമോഹം അവസാനിക്കട്ടെ എന്ന് ആഗ്രഹത്തോടെ...


2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

മനുഷ്യവികാരങ്ങൾ

വികാരങ്ങളേ  മറ്റൊരാൾക്ക് അനുഭവിപ്പിച്ചുനല്കാനാകില്ല . അത് ദുഃഖമായാലും, സങ്കടമായാലും,ദേഷ്യമായാലും ഒക്കെ അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ മനസ്സിലെ ആഴ്ന്നു ഇറങ്ങിയ പടർപ്പുവേരുപോലെയുള്ള സമ്മർദ്ദം ഒരുതരം മരവിപ്പാകുന്നു. എങ്ങനെ ആ സമ്മർദ്ദത്തിൽ നിന്നും പുറത്തുവരും എന്നത് വലിയ കാര്യമാണ്. മരുന്നിനോ മന്ത്രത്തിനോ മാറ്റാൻ കഴിയാത്തവിധം അത് മാറിയേക്കാം. എനിക്ക് തോന്നിയിട്ടുണ്ട് ശാന്തതയുള്ള ചുറ്റുപാടും പ്രോത്സാഹനം തരുന്ന വ്യക്തികളുമായുള്ള ഇടപെടലുകളുമാണ് പലപ്പോഴും ഒരു വിഷാദ രോഗിയുടെ തിരിച്ചുവരവിന് പാതയാകുക. ചുറ്റും ആയിരമായിരം പേരുണ്ടായാലും, ഒറ്റപ്പെടൽ ഉണ്ടാകാം. മാനസികമായ അല്ലെങ്കിൽ ഹൃദയത്തിന്റെ ആന്തരികമായ ഒറ്റപ്പെടൽ ഒരുതരം നീറ്റലും, ശ്വാസംമുട്ടലും ഉണ്ടാക്കും. സ്വന്തം ശരീരം അതിനെ ഉൾകൊള്ളാൻ ശ്രമിക്കുന്നത് ചിലപ്പോൾ വിഭ്രാന്തിയിലൂടെയോ അല്ലെങ്കിൽ നിശ്ശബ്ദതയിലൂടെയോ ആയിരിക്കാം. പഞ്ചേന്ദ്രിയങ്ങളിലൂടെ വികാരങ്ങൾ കൈമാറാൻ ആവില്ല. വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ അത് പകർന്നുനൽകാൻ ആവില്ല. ലോകത് എത്രതന്നെ മനുഷ്യരുണ്ടാകുന്നുവോ അത്രതന്നെ വികാരങ്ങൾ വത്യസ്തമായിരിക്കാം. ഒരു പക്ഷെ മറ്റൊരാൾ ഏതുതരം വികാരത്തിൽ ആണെന്ന് മനസ്സിലാക്കാൻ ദീർഘകാലത്തെ അടുപ്പമോ, ഒരുമിച്ചുള്ള സഹവാസമോ സഹായിച്ചേക്കാം എന്നാലും അത്രതന്നെ ആഴത്തോടെ ഉൾക്കൊള്ളാൻ പറ്റും എന്നത് വെറും സ്വപ്നം മാത്രം. ജൻമം നൽകിയ അമ്മയ്ക്ക് പോലും അതിനാവില്ല എന്നതാണ് പരമാർത്ഥ സത്യം. ഓരോ മനുഷ്യന്റെ ഉള്ളിലും അവന്റെ അല്ലെങ്കിൽ അവളുടെ വികാരങ്ങളെ കീഴ്പ്പെടുത്താൻ വളർന്നുവന്ന സാഹച്യര്യങ്ങളുടെ മേമ്പൊടിയായി തീർത്ത ചില സംവിദാനം ഉണ്ടാകും. ഉതാഹരണത്തിനു, ഒരാൾ തന്റെ ദേഷ്യത്തിന്റെ പാറുന്നതയിൽ എത്തുമ്പോ മറ്റുള്ളവർക്കുപോലും അഹസ്യമായ രീതിയിൽ പൊട്ടിത്തെറിച്ചേക്കാം, അല്ലെങ്കിൽ തന്റെ ചുറ്റുപാടുമുള്ള വസ്തുക്കളെ ഒതന്നില്നിന്നും നിറഞ്ഞുനിൽക്കുന്ന ശക്തിയിലൂടെ നശിപ്പിക്കാൻ ശ്രമിക്കാം അതുമല്ലെങ്കിൽ സ്വയമോ മറ്റുള്ളവരെയോ വേദനിപ്പിക്കാൻ ശ്രമിച്ചേക്കാം. അതുപോലെ സങ്കടം നിറയുമ്പോൾ ചിലർ കരഞ്ഞോ, നിശബ്ദമായി ഇരുന്നോ, മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയോ ചെയ്യുന്നത് കാണാം. ഇതൊക്കെ ഒരുതരത്തിൽ സ്വയം മനസും ശരീരവും ഒതുചേർന്നു എടുക്കുന്ന തീരുമാനങ്ങളുടെ മുഖം മൂടിയാണ് , ശാന്തത തേടാൻ വേണ്ടി സ്വയം കണ്ടെത്തുന്ന ചേഷ്ടകൾ ആയും കണക്കാക്കാം. പലപ്പോഴും വികാരഭരിതർ ആവുന്നത് മറ്റുള്ള വ്യക്തിയിലോ, വസ്തുവിലോ, അതല്ലെങ്കിൽ ആഗ്രഹങ്ങളിലോ ഉള്ള സമന്വയം വ്യതിചലിക്കുമ്പോൾ ആകാം. അത്തരത്തിലുള്ള ആ ബന്ധം നിലനിർത്തികൊണ്ടുപോകാൻ ശ്രമിച്ചാൽ ഒരുപക്ഷെ വികാരങ്ങളെ സ്വയം നിയന്ത്രിക്കാൻ ആയേക്കാം.
സങ്കടം പകുത്തുനൽകാൻ ആവില്ല, സ്നേഹം തൊട്ടുനോക്കാൻ പറ്റില്ല, വേദന അടിച്ചേൽപ്പിക്കാൻ നല്ലതല്ല, പ്രണയം തോന്നിപ്പിക്കുവാൻ ആകില്ല, ദേഷ്യം ഉത്തെചിപ്പിക്കുവാൻ ആകില്ല അതിനാൽ വികാരങ്ങൾ എന്നും സ്വന്തം നിഴലുപോലെയാണ് . നമ്മുടേത് മാത്രം. നമ്മുടെ രീതികൾ മറ്റുള്ളവരിൽ നിന്ന് വത്യസ്തമായിരിക്കും. അത് ഉൾക്കൊണ്ടു ജീവിച്ചാൽ ഒരു പരിധിവരെ സമാദാനം അനുഭവിക്കാം. അത് കൂടെയുള്ളവർ ഉൾകൊള്ളാൻ തയ്യാറായാൽ, നമ്മൾ അവരെയും മനസ്സിലാക്കിയാൽ പരസ്പരം ശാന്തത കൈവരിക്കാൻ കഴിഞ്ഞേക്കാം.  

2018, ഡിസംബർ 23, ഞായറാഴ്‌ച

റിസർച്ച്  എന്ന മോഹം

സ്വപ്‌നങ്ങൾ കാണുന്നതിനു മുന്നേ തന്നെ ജീവിതം പാതകൾ ഉറപ്പിച്ചപോലെയാണ് . ആ വഴികളിലൂടെ നടക്കുന്നു എന്നുമാത്രം. അല്ലെങ്കിൽ സ്വപ്‌നങ്ങൾ കാണാൻ ഭയമാണ് പലപ്പോഴും അത് എത്തിപ്പിടിക്കാനാവാതെ ആകുമ്പോൾ ഉണ്ടാകുന്ന വിങ്ങൽ മറികടക്കാൻ ആകുമോ എന്ന ആവലാതി . വളരെ അവിചാരിതമായാണ് ഒരു ടെക്‌നിക്കൽ മേഖലയിലേക് ചുവടുവെക്കാം എന്ന തിരുമാനത്തിലേക് എത്തുന്നത്. മനസ്സിൽ ഒന്ന് മാത്രം, ആകും എന്നെകൊണ്ട് എന്തും സാദിക്കും എന്ന ചിന്ത മാത്രം. ശ്രദ്ധാപൂർവം  പതറാതെ മുന്നോട്ടു നീങ്ങി. വിജയം തൊട്ടുനക്കി പലപ്പോഴും. വാശിയോടെ ബിരുദവും ബിരുധാനാന്തരബിരുദവും സ്വന്തമാക്കി , പക്ഷെ അതിലൊന്നും സന്തോഷം കണ്ടത്താൻ ആയില്ല. ഒട്ടും നിനച്ചിരിക്കാതെ ഒരു ഫോൺ സന്ദേശത്തിലൂടെ ജോലി അവസരം തേടിയെത്തി. ഇന്ത്യയിലെ തന്നെ മികച്ചതും, "ഇന്ത്യയുടെ കിരീടം " എന്നറിയപ്പെടുന്നതുമായ വിദ്യാഭാസ സ്ഥാപനത്തിൽ പ്രൊജക്റ്റ് തസ്തികയിലേക്ക് നിയമനം. സ്വപ്നതുല്യമായ അവസരം. സ്വീകരിച്ചു, ഉടനെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എത്ര പരിശ്രമിച്ചിട്ടും സന്തോഷം അവിടെ കിട്ടാനാകുന്നില്ല. പലപ്പോഴും മനസ്സ് ഇടറിപ്പോയി. ചിരിച്ചുകൊണ്ട് കുതികാൽവെട്ടുന്ന പല മുഖങ്ങൾ . സ്വന്തം ഉന്നമനത്തിനു മാത്രം ജീവിക്കുന്ന പരാന്നഭോജികൾ. ആ മുഖങ്ങളിൽ നിന്ന് രക്ഷപ്പെടാൻ  കഴിയാത്തവിധം കുരുക്കുകൾ മുറുകി. ഓരോ മുപ്പതു ദിവസം തികയുമ്പോൾ കിട്ടുന്ന പണം മാത്രം താങ് . ഏതു നിമിഷവും ഇവിടെനിന്നു ഓടിയകലാൻ  ആഗ്രഹിച്ചു. അതിനിടെ ഒരു നേർത്ത നൂൽപാലത്തിനപ്പുറം മങ്ങിയ വെളിച്ചത്തിനുള്ളിൽ  പി എച് ഡി എന്ന വാതിൽ ഉണ്ടെന്നു അറിയുന്നു. മുന്നിൽ ആ വഴി മാത്രമേ ഉള്ളു അല്ലെങ്കിൽ ഇവുടുന്നു ഇറങ്ങണം , അറിയില്ല മനസ്സ് അസ്വസ്ഥമാണോ. ആ വഴി തിരഞ്ഞെടുക്കാൻ ഞാൻ അർഹയാണോ...ഭയമാണ് നേരത്തെ പരാമർശിച്ച പരാന്നഭോജികളെ ...പറയാതെ വയ്യ മരുഭൂമിയിലെ പച്ചപ്പുപോലെത്തെ ചിലരെക്കുറിച്ചു. എന്നെപോലെ ഇങ്ങോട്ട് ചേക്കേറിയ നല്ല മന്സസ്സുകളേ ...വളരെ വിരളമായി മാത്രം ഇവിടെ കണ്ടുവരുന്ന അത്തരം ആൾക്കാരെ  സ്നേഹിക്കുന്നു. നാം ഇരിക്കുന്ന പദവി ചെറുതാണെങ്കിലും വലുതാണെങ്കിലും അലങ്കരിക്കപ്പെടുന്നത് നമ്മുടെ സ്വഭാവവും മനോഭാവവും കൊണ്ടാണ് .

എങ്കിലും പറയാതെ വയ്യ വെറുത്തുപോയി ഈ കുറച്ചു നാളുകൾക്കുള്ളിൽ ഈ സ്വാർത്ഥലോകത്തെ...ആരും എന്നെ നിര്ബന്ധിച്ചിട്ടല്ല എങ്കിലും വന്നപ്പോൾ അനുഭവപ്പെട്ടത് പറഞ്ഞു എന്നുമാത്രം. ചിലർക്ക് വിദ്യാഭാസം കച്ചവടം, ചിലർക്ക് സ്വാർത്ഥത, ചിലർക്ക് അന്നം, മറ്റുചിലർക്ക് മറ്റുള്ളവരെ കുതികാൽ വെട്ടാനുള്ള ആയുധം....വിദ്യാധനം സർവ്വധനാൽ പ്രധാനം.

2017, ജൂലൈ 4, ചൊവ്വാഴ്ച

mattangal

സ്നേഹത്തിൽ നിന്ന് പൊടിഞ്ഞ വിത്തിലൂടെ രൂപം കൊണ്ട കൊച്ചു കുട്ടിയായി അവളും ജന്മമെടുത്തു. ഒരു പെൺകുട്ടിയായി അവൾ വളർന്നു . ഒരു യുവതിയായി കൗമാരത്തിൽ ജീവിക്കുന്നു . ഒരു സ്ത്രീ ആകാൻ കാത്തിരിക്കുന്നു. അമ്മയായും മുത്തശ്ശിയായും തൻ്റെ ജീവിത൦ അവസാനിപ്പിക്കുന്നു. ഇതിനിടയിൽ അവളുടെ ശരീരത്തെക്കാൾ കൂടുതൽ വത്യാസപ്പെടുന്നത് അവളുടെ മനസ്സാണ്. കണ്ണീരുണങ്ങിയ കവിളുകളും അലക്കിതേഞ്ഞ നഖങ്ങളും മാത്രമല്ല അവളുടടെ ജീവിതം. ശരീരം മാത്രമല്ല  അവൾക്കു കൊടുക്കാനാകുന്നത് . എന്തുകൊണ്ട് എല്ലാം അവൾക്ക് വിലക്കപ്പെടുന്നു. ഓർമ്മ വെച്ച കാലം മുതൽ മാതാപിതാക്കളുടെ വിലക്കുകൾ , അധ്യാപകരുടെ വിലക്കുകൾ , ജേഷ്ടന്റെയും അനുജന്റെയും വിലക്കുകൾ , സ്നേഹിക്കുന്ന പുരുഷന്റെ വിലക്കുകൾ , ഭർത്താവിന്റെയും അയാളുടെ കുടുംബത്തിന്റെയും വിലക്കുകൾ .....അവൾ ആരാണ് ശരിക്കും ?..സംവരണവും അവകാശ നിയമങ്ങളും മാത്രം മതിയാവില്ല എന്ന് അതുണ്ടാക്കുന്നവർക്കു തന്നെ നന്നായി അറിയാം. നല്ല രീതിയിൽ ചട്ടങ്ങളെ പൊളിച്ചു നീങ്ങിയിട്ടുള്ള എത്ര സ്ത്രീകൾക്ക് ഒപ്പം നിക്കുന്ന കുടുംബമുണ്ട് ?.. എല്ലാം വെറുതെ പുകമറകൾ. ഒരറ്റ സ്ത്രീ പോലും സുരക്ഷിതരല്ല . എന്തുകൊണ്ട് ആരും അവരെ മനസിലാക്കുന്നില്ല ..... "അരുത്" എന്ന വാക്കിനാൽ അവരെ തളച്ചിടുന്നതെന്തിന് ?... ഒറ്റക്കിരിക്കാൻ പാടില്ല, ഇഷ്ടമുള്ളത് പഠിക്കാൻ പാടില്ല , ഒരാളെ പ്രണയിക്കാൻ പാടില്ല, ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാൻ പാടില്ല .... എന്തുകൊണ്ട് ?...മാറാത്ത കേരളം ... അടിച്ചമർത്തപ്പെട്ട അമ്മമാർ അവരുടെ മക്കളേയും അടിച്ചമർത്തുന്നു..... എവിടെപ്പോയി  പരിണാമ സിദ്ദാന്തം ?.... എല്ലാ മാറ്റങ്ങളെയും ഉൾകൊള്ളുന്ന മലയാള സമൂഹത്തിന്‌ എന്തുകൊണ്ട് സ്ത്രീകളെയും അവരുടെ മാറുന്ന കാഴ്ചപ്പാടുകളെയും അംഗീകരിക്കാൻ പറ്റുന്നില്ല?... കാലുറകൾ വലിച്ചുകയറ്റിയതുകൊണ്ടോ , ചുണ്ടു ചുവപ്പിച്ചതുകൊണ്ടോ , മുടി ചൂലാക്കിയതുകൊണ്ടോ അല്ല മാറ്റങ്ങൾ വരുത്തേണ്ടത് . ചിന്തയിലാണ് മാറ്റങ്ങൾ വേണ്ടത് ...ഓരോ കുടുംബവും അങ്ങനെ ചിന്തിച്ചാൽ നമ്മുടെ സമൂഹം തന്നെ മാറും. നടന്നോളു ...പിന്നിൽ ഞങ്ങളുണ്ട്..... എന്ന് പറയാൻ നമ്മുടെ അമ്മമാർ പഠിക്കട്ടെ ....
ഈ ലോകത്തുള്ള എല്ലാ നന്മ നിറഞ്ഞ സ്ത്രീകൾക്കും നീതി ലഭിക്കട്ടെ ..
എല്ലാ കുടുംബങ്ങളും വത്യസ്തമായി ചിന്തിക്കട്ടെ എന്നും ആശംസിക്കുന്നു. 

2016, ഏപ്രിൽ 23, ശനിയാഴ്‌ച


പുള്ലോത്തുപാട്ട് 

എന്റെ ഓർമ്മകളിലെ  ഞാൻ  ഏറ്റവും അധികം ഓർക്കാനും , ഓർത്ത് ആസ്വദിക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണു തറവാടിന്റെ അമ്പലത്തിലെ സർപ്പക്കാവും , കളവും , തൊറ്റവുമെല്ലാം . പാദങ്ങൾ ആ  മണ്ണിനെ   സ്പർശിക്കുമ്പോൾ  തന്നെ ശരീരത്തിൽ ശാന്തത ഊഴ്ന്നു കേറും . ചൂടിന്റെയും ഉഷ്ണത്തിന്റെയും വീര്യം എത്രതന്നെ ആയാലും കാവിന്റെ മേനിയഴകായ ഇലച്ചാർത്തുകളും വള്ളിപടർപ്പുകളും, ചുറ്റിവരിഞ്ഞു പ്രൌഡിയോടെ കാവിനു രൂപം നൽകുന്ന മരവള്ളികളും ശാഖകളും ഏതു  ശക്ത്മായ വേനലിനേയും ഒരു മറപോലെ മാറ്റിനിർത്തി കുളിർമ്മയുടെ അന്തരീക്ഷം സൃഷ്ടിക്കും , സർപ്പദൈവങ്ങൾ കുടികൊള്ളുന്ന ശിലകൾക്കുമുന്നിൽ പ്രാർത്ഥനയോടെ നിൽക്കുമ്പോൾ കിട്ടുന്ന അനുഭൂതി അവിസ്മരണീയമാണ്. അവിടെയൊക്കെ നിറയുന്ന മഞ്ഞളിന്റെ ഗന്ധം ശ്വാസത്തിൽ പടർന്നു ലഹരിയുടെ ഉന്മാദം ഉണർത്തിയ ഓർമ്മകൾ ഇന്നും എന്നിലുണ്ട്. നാവൂറുപാട്ടിന്റെ താളത്തിൽ ലയിച്ചുപോകുന്ന മനസ്സും ... ശരീരത്തിലെ ഓരോ നാഡിയും ആ ലയത്തിൽ താളം പിടിക്കും. കുരുത്തോലയിൽ തീർത്ത അലങ്കാരങ്ങൾ ആ ഓളത്തിനു എന്നും ഒരു മാറ്റുതന്നെയാണ്.വർണ്ണപ്പൊടികൾ ചായംതീർത്ത സർപ്പക്കളങ്ങൾ, നോമ്പുനോറ്റുവന്ന പുള്ലോത്തിയും സംഗവും, ഉറഞ്ഞുതുള്ളുന്ന ദേവിസങ്കല്പ്പങ്ങളും, പാലക്കൊമ്പ് എന്നുള്ളിപ്പുമെല്ലാം എത്രയാവർത്തി കണ്ടാലും മതിവരാത്ത, ചേലൊത്ത കാഴ്ചകൾ തന്നെയാണ്‌.ശാന്തതയും ഭക്തിയും ആലിംഗനം ചെയ്യുന്ന നിമിഷങ്ങൾ ...അരമണികിലുക്കവും, ചിലമ്പിൻതാളവും നേരുന്ന നല്ല ഊർജ്ജവും നമ്മളിൽ പടർന്നുകേറും. അഞ്ജനമണിനാഗത്തിന്റെയും, കരിനാഗത്തിന്റെയുമെല്ലാം കഥകൾ .....സ്വോതത് തർക്കവും , ഭാഗപോരും ഒരിക്കലും ഈ  ഊർജ്ജസ്വലമായ വിശ്വാസങ്ങളും ആചാരങ്ങളും ഇല്ലാതാക്കരുത് എന്ന് അപേക്ഷിക്കുന്നു. ബാല്യത്തിൽ കണ്ട് ഇഷ്ടപ്പെട്ട  ഇത്തരം പൈതൃകങ്ങൾ നഷ്ടപ്പെടുമ്പോൾ ഞാൻ ഒരുപാട് വേദനിക്കുന്നു ......

2016, ഏപ്രിൽ 22, വെള്ളിയാഴ്‌ച

chindakal


ഇടക്കാല ഓർമ്മകൾ 

ഇടക്കൊക്കെ അച്ഛൻ ഗൾഫിൽ  വരുമ്പോ സന്തോഷത്തിന്റെ നാളുകളാണ് .ദിനചര്യകൾക്കുണ്ടാവുന്ന മാറ്റം തീർത്തും ഉണ്മെഷകരമാണ് . അമ്മ പത്തുപ്രാവ്ശ്യം വിളിച്ചാലും ഉണരാൻ മടിയുള്ള ഞാൻ അച്ഛന്റെ "മോളേ" എന്ന ഒറ്റ വിളിയിൽ ഉണരും. കുഞ്ഞി ചെരുപ്പിട്ട് അച്ഛന്റെ കയ്യിൽ തൂങ്ങി വടക്കേപുറത്തെ പ്ലിയൂർ മാവിന്റെ ചൊട്ടിലെക്കു പോവും. അവിടെ തന്നെ ഒരു വേപ്പിൻ മരവും ഉണ്ട് .  അതില്നിന്നു ഒന്ന് രണ്ടു ഇല പൊട്ടിച്ചു പല്ലുതേക്കാൻ തരും. ആ കൈപ്പിന്റെ ഓർമ ഇന്നും എന്റെ നാവിന്റെ തുമ്പത്ത് തളം കെട്ടുന്നു.  ഓർമകളുടെ വേര് ഓടുംതോറും മനസ്സിനുള്ളിൽ പുതിയ സ്പന്ദനങ്ങൾ നിറയുന്നു.....

2015, ജൂലൈ 26, ഞായറാഴ്‌ച

തുടരുന്നു ....
  ബാല്യകാലത്തെ ഓർമ്മകൾ എനിക്ക് എന്നും വിലപ്പെട്ടതാണ്‌ .  രാവിലെ ഒരു ഗ്ലാസ്‌ പാലുംകൊണ്ട് ഞാനും അച്ഛനും  പറമ്പിലേക്ക് ഇറങ്ങും  .എന്നെകൊണ്ട്‌ പാല് കുടിപ്പിക്കാനാണ് ആ പ്രഭാത സഞ്ചാരം. എന്നാൽ എനിക്ക് പാല് കുടിക്കാൻ ഇഷ്ടമേയല്ല. അത് എന്നേക്കാൾ നന്നായി അച്ഛനറിയാം .അതുകൊണ്ടുതന്നെ അച്ഛൻ ആ പാല്  എന്റെ ഇഷ്ടത്തിനനുസരിച്ച് കളയാനോ , പൂച്ചക്ക് കൊടുക്കണോ, അല്ലെങ്കിൽ സ്വയം കുടിക്കുകയോ ചെയും.പിന്നീട് ഞങ്ങൾ അമ്മയെ ബോദ്യപ്പെടുതനായി ഞാൻ പാല് കുടിക്കാനെടുക്കുന്ന   ഏകദേശ സമയം പറമ്പില് ചുറ്റിനടക്കും .ഓറഞ്ചു പൊട്ടുകളുള്ള ചുവന്ന ഉടുപ്പിട്ട് തോടപ്പുറത്തെ നായർ തറവാടിൻറെ പിന്നാമ്പുറത്തു നിൽക്കുന്ന വലിയ നെല്ലി മരത്തിന്റെ കീഴിലേക്ക് അച്ഛന്റെ വിരൽ തൂങ്ങി കുതിക്കുമ്പോൾ ദേഹത്ത് നിറയുന്ന ഉന്മേഷവും മനസ്സില് നിറയുന്ന സന്തോഷത്തിനും അതിരില്ല.അമ്മ പാല് നിറചുതന്ന ആ ഗ്ലാസിൽ ഞ്ഞാൻ എന്റെ കുഞ്ഞികയ്യുകൊണ്ട് പെറുക്കാൻ പറ്റുന്നിടത്തോളം നെല്ലിക്ക വരിയെടുക്കും . പിന്നെയും എനിക്ക് മതിവരില്ല , ഭാക്കിയുള്ളത് എന്റെ കുഞ്ഞിയുടുപ്പിൽ നിറയ്ക്കും .പിന്നെ അത് വീട്ടിലെതിക്കുന്നതുവരെ ഒരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുതതുപോലെയാണ് .ആ തറവാട്ടിലെ എല്ലാവരെയും നല്ല പരിചിതമയതിനാൽ അവിടെ കുസൃതി കാണിക്കാൻ എനിക്ക് തെല്ലും ഭയമില്ല . വാക്കുകളെ കൊണ്ട് അതെല്ലാം എത്ര മാത്രം പറഞ്ഞറിയിക്കാൻ പറ്റുമെന്ന് എനിക്കറിയില്ല.നിലത്തുറക്യാത്ത കുഞ്ഞി കാലുകളാൽ ,പാതസ്വരം കിലുക്കി ഓടുമ്പോൾ, അച്ഛന്റെ തോളിൽ ഇരുന്നു  ഞാൻ കാട്ടിയ തമാശകൾ ,...അതെല്ലാം ഓർക്കുമ്പോൾ തന്നെ ചിരിവരുന്നു. അന്ന് കടിച്ചുതുപ്പിയ നെല്ലിക്യയുടെ ചവര്പ്പും പുളിയും മദുരവുമെല്ലാം ഓർക്കുമ്പോൾ ഒരു സുഖമുണ്ട് ....
                                                                                                               ......തുടരും greeshmaranjith1@gmail.com